Friday, August 18, 2006

നിന്റെ ചുണ്ടുകള്‍ക്ക്‌ എന്റെ സലാം

വണ്ടി യാത്ര തുടങ്ങിയിട്ടും മനസ്സ്‌ സ്റ്റേഷനില്‍ തന്നെയാണ്‌.എന്നെ ഉപേക്ഷിച്ചു പോയ സൗഗ്യദത്തിന്റെ ശേഷിപ്പന്വേശിച്ചു കൊണ്ട്‌.വണ്ടിയുടെ വേഗം, പാളത്തിന്റെ പ്രതിശേധം,കറങ്ങുന്ന് ഫാനില്‍ നിന്നും ചൂടുള്ള കാറ്റ്‌ വീശിന്നുണ്ട്‌.കണിശമായ അകലങ്ങള്‍ നല്‍കി എല്ലാവരും ഇരിക്കുന്നു.
നീങ്ങുന്ന പാളത്തിനോടപ്പം മനസ്സും യാത്രതുടങ്ങിയിരിക്കുന്നു.എന്റെ ഉള്ളില്‍ ത്യപ്തിയടയാത്ത എന്തോ ഒന്നുണ്ട്‌.അത്‌ അതിമോഹത്തിനോടു ധര്‍മ്മം പുലര്‍ത്തുന്നതാണ്‌.എന്നും അവള്‍ എന്റെ കൂടെ വേണമെന്ന എന്റെ വാശി അല്ല ആവശ്യം ഒരു വികാരത്തിന്റെയും അകമ്പടിയും ഇല്ലാതെ അവള്‍ നിരാകരിച്ചു.ഒരിക്കല്‍ പോലും അവളുടെ ജീവിതം എനിക്കു താരമെന്നു അവള്‍ പറഞ്ഞിരുന്നില്ല.എന്നിട്ടും വെറുതെ എങ്കിലും ഞാന്‍ സ്വപ്നം കണ്ടു.അല്ലെങ്കിലും അതിമോഹത്തിന്റെ കൂട്ടുകാരനാണല്ലോ ഞാന്‍.യാത്ര അയക്കാന്‍ സ്റ്റേഷനില്‍ വന്ന അവള്‍ ഒരു വികാരവും കൂടാതെ യാത്ര പറഞ്ഞപ്പോള്‍ എന്റെ ജീവിതത്തിലെ ദുരിതാനുഭവങ്ങളുടെ പട്ടിക ആരോഹണക്രമത്തിലാക്കുകയായിരുന്നു ഞാന്‍.ഇതിലൊന്നുപോലും അലിയിച്ചു കളയാന്‍ ഞാനഗ്രഹിക്കുന്നില്ല.
കച്ചവടക്കാരുടെ ബഹളവുമായി ഒരു സ്റ്റേഷനുകൂടി.ഇറങ്ങാനുള്ളവര്‍ തിരക്കുകൂട്ടുന്നു.കിടന്നുറങ്ങണം എന്ന എന്റെ ചിന്തയെ തല്‍കാലം എനിക്കു മറക്കേണ്ടിവരുമെന്നു തോന്നുന്നു.ഒരു പറ്റം പല പ്രായത്തിലും പല വേഷത്തിലുമുള്ള സ്തീകള്‍ ഉറക്കെ സംസാരിച്ചുകൊണ്ടിരിക്കുന്നു.സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്നവാരാണവര്‍.തീവണ്ടിയേക്കാള്‍ വേഗത്തിലാണവരുടെ സംഭാഷണം.റെയില്‍ വേ ബജറ്റും പൈങ്കിളി സീരിയലും വീട്ടുവഴക്കും പ്രണയവും എല്ലാം കടന്നു വരുന്നുണ്ട്‌ അവരുടെ ഇടയില്‍.
ഇപ്പ്പ്പോഴിവിടെ പുതിയ ഒരാള്‍ കൂടിയുണ്ട്‌.ചെമ്പിച്ച മുടിയും അയഞ്ഞ ഉടുപ്പിട്ട ഒരു കൊച്ചു പെണ്‍കുട്ടി.നേര്‍ത്ത ശബ്ദത്തിലവള്‍ പാട്ടുപാടുന്നുണ്ട്‌.വഴിയറിയാതെ പകച്ചു നില്‍ക്കുന്ന നാടോടി പെണ്‍കുട്ടിയുടെ കുറിച്ചുള്ള ഈ പാട്ട്‌ ഞാന്‍ മുന്നെ പലതവണ കേട്ടതായി തോന്നുന്നു.ചിലരെല്ലാം എറിഞ്ഞുകൊടുക്കുന്ന നാണയതുട്ടുകള്‍ ഇടക്കിടക്ക്‌ അവള്‍ നോക്കുന്നുണ്ട്‌.
പതുക്കെ തീവണ്ടി നിന്നു തുടങ്ങിയിരിക്കുന്നു.അടുത്താരു സ്റ്റേഷന്‍ കൂടി.ഇറങ്ങാനുള്ളവര്‍ ഒന്നു തിരിഞ്ഞുപോലും നോക്കാതെ യാത്രയായി.പുതിയ മുഖങ്ങള്‍ വീണ്ടും പ്രത്യക്ഷമായി.പക്ഷെ പഴയ കണ്ണുകള്‍ ഒന്നും എന്റെ കണ്ണില്‍ നിന്നും മായുന്നില്ല.സ്റ്റേഷനില്‍ ബഹുവര്‍ണ്ണ പരസ്യഫലകങ്ങള്‍.ഒരു ജ്വല്ലറിയുടെ ഡയമെണ്ട്‌ ടിവിഷന്റെ പരസ്യം , അര്‍ധനഗ്നയായി നില്‍ക്കുന്ന സ്ത്രി സൗന്ദര്യം അതിനു താഴെ തണലില്‍ കിടന്നുറങ്ങുന്ന പോളിയോ ബാധിച്ച ഒരു കൊച്ചു സുന്ദരി...
ഇപ്പ്പ്പോഴും സീസണ്‍ ഗാങ്ങ്‌ സംസാരിച്ചുകൊണ്ടിരിക്കുന്നു.ഒരു സീസണ്‍കാരികള്‍ ഭക്ഷണപൊതിതുറന്നു.വലിയ ബഹളത്തോടു കൂടി കഴിക്കാന്‍ തുടങ്ങി.വെയില്‍ വീണ പാളത്തിലൂടെ വണ്ടി യാത്ര തുടരുകായാണ്‌.ഒഴിഞ്ഞ പൊതി കാറ്റിനോടപ്പം പാളത്തിലേക്ക്‌.
പിച്ചക്കാരി ഇപ്പ്പ്പോഴും പാട്ടു നിറുത്തിയിട്ടില്ല.അവളുടെ മുന്നില്‍ വിരിച്ച തുണിയില്‍ ഒന്നോ രണ്ടോ നാണയതുട്ടുകള്‍ കൂടീയെന്നല്ലാതെ അവല്‍ക്ക്‌ ഒരു മാറ്റവും ഇല്ല.നിര്‍വികാരതയുടെ കടല്‍ എപ്പോഴും അവളുടെ കണ്ണില്‍ ഉള്ളതുപോലെ.അവളുടെ നേര്‍ത്തശബ്ദം എന്നില്‍ പ്രകമ്പനങ്ങല്‍ സ്യഷ്ട്ടിക്കുന്നു.അവളുടെ കണ്ണിലെ തിരമാലകള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ എല്ലാം എന്നോടാണ്‌ എന്ന ഒരു തോന്നല്‍.വാക്കുകളിലൂടെ അല്ലാതെ മറ്റ്‌ മാര്‍ഗ്ഗങ്ങളിലൂടെ എനിക്കുത്തരം നല്‍കാന്‍ കഴിഞ്ഞുരുന്നുവെങ്കില്‍...എന്നും ആരുടെയും മുന്നിലും നിസ്സഹായതയുടെ ഒരു കുപ്പായം അണിയാനുള്ള എന്റെ വിധിയെ തോല്‍പ്പിക്കാനുള്ള ശക്തി എനിക്കുണ്ടായിട്ടില്ല.നിശബ്ദമായി തണുത്തുറയുന്ന ഒരു പാട്‌ അനുഭവങ്ങളുടെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടുന്നുണ്ട്‌.
ചക്രവാളങ്ങള്‍ക്കപ്പുറത്തേക്ക്‌ ഈ വണ്ടി പോയേക്കാം.അപ്പ്പ്പോഴും ഒരു ബിന്ദുവില്‍ നോക്കി പാട്ടുപാടുന്ന ഈ പെണ്‍കുട്ടി ചോദിക്കുന്ന ഉത്തരം ആരു നല്‍കും.
സീസണ്‍കാരികള്‍ ഒരു പൊതി കൂടി തുറന്നു.തന്റെ പാചക കസര്‍ത്ത്‌ കൂട്ടുകാരികളെ കാണിക്കാന്‍ ശ്രമിക്കുകയാണവള്‍.
"തേരേ ഊട്ടോ പര്‍ സലാം "
അവള്‍ പാടി കൊണ്ടിരിക്കയാണ്‌.ഒരു പക്ഷെ മഴ പെയ്തെന്നിരിക്കാം നനവുണ്ടാകണമെന്നില്ല.

9 comments:

richumolu said...

കഥ എഴുതാനുള്ള എന്റെ ആഗ്രഹമാണിത്‌.
കഥയാവണമെന്നില്ല.

Anonymous said...

ഇതു വളരെ വളരെ നന്നായിട്ടുണ്ട് റിച്ച് മോളു ..റിച്ച് തന്നെയായിട്ടുണ്ട്. ഇനിയും എഴുതൂ..
ദേ ഈ മലയാളം ബ്ലോഗ് സെറ്റിങ്ങ്സൊക്കെ ചെയ്തൊന്ന് നോക്കിക്കെ ?
http://ashwameedham.blogspot.com/2006/07/blog-post_28.html

Adithyan said...

റിച്ചു, സ്വാഗതം :)

ഇതു ഒരു മോഡേണ്‍ ആര്‍ട്ട് പോലത്തെ കഥയാണല്ലോ. :) എഴുതൂ വീണ്ടും.

റീനി said...

റിച്ചുമോളില്‍ ഒരു കഥാകൃത്ത്‌ ഒളിഞ്ഞിരിപ്പുണ്ടല്ലോ. മോള്‌ വളരുമ്പോള്‍ നല്ലൊരു കഥാകാരിയായിത്തീരട്ടെ!

sreeni sreedharan said...

റിച്ചൂ,
എഴുതിക്കൊണ്ടേയിരിക്കുക!
സ്വാഗതം

Mubarak Merchant said...

ഹായ് റിച് മോള്‍.
നന്നായെഴുതി. ഇനി ഇതിലും നന്നായി എഴുതണം. പിന്നെ പച്ചാളം പറഞ്ഞപോലെ എഴുതിക്കൊണ്ടേയിരിക്കരുത്. ഇടയ്ക്കൊക്കെ ഓരോ ബ്രേയ്ക്കെടുത്ത് മറ്റുള്ളവരെഴുതുന്നത് വായിക്കുക കൂടി ചെയ്യണം.

സു | Su said...

കഥ നന്നായിട്ടുണ്ട് :)

വല്യമ്മായി said...

അല്ലെങ്കിലും നീണ്ട ഒരു ട്രെയിന്‍ യാത്രയല്ലേ ജീവിതം.ഓരുപാട് സ്റ്റേഷനില്‍ നിര്‍ത്തി ആരൊക്കെയോ കയറിയിറങ്ങുന്ന യാത്ര.കേറിയപ്പോഴെന്ന പോലെ ഇറങ്ങുമ്പോഴും നാം തനിച്ചാകും എന്നു മാത്രം.

:: niKk | നിക്ക് :: said...

വല്യമ്മായി said...
അല്ലെങ്കിലും നീണ്ട ഒരു ട്രെയിന്‍ യാത്രയല്ലേ ജീവിതം.ഓരുപാട് സ്റ്റേഷനില്‍ നിര്‍ത്തി ആരൊക്കെയോ കയറിയിറങ്ങുന്ന യാത്ര.കേറിയപ്പോഴെന്ന പോലെ ഇറങ്ങുമ്പോഴും നാം തനിച്ചാകും എന്നു മാത്രം.

വളരെ ശരിയാണ് വല്യമ്മായി. എന്റ്റെ മുത്തച്ഛന്‍ ഇങ്ങനെയൊരു കവിത കുറിച്ചിരുന്നു. അതുടന്‍ തന്നെ ഇവിടെ പോസ്റ്റ് ചെയ്യും.

റിച്ചു മോള്‍ കൂടുതല്‍ കഥകള്‍ സ്റ്റോക്കുണ്ടെന്നു എഴുത്തു കണ്ടാലറിയാം... എഴുതൂ എഴുതൂ..