Wednesday, August 23, 2006

നീ തന്നെ മരണവും സന്ധ്യേ....(അയ്യപ്പപണിക്കര്‍ ഒരു ഓര്‍മ്മ)


കാടെവിടെ മക്കളെ?
മേടെവിടെ മക്കളെ?
കാട്ടുപുല്‍ത്തകടിയുടെ
വേരെവിടെ മക്കളെ?
കാട്ടുപൂഞ്ചോലയുടെ
കുളിരെവിടെ മക്കളെ!
കാറ്റുകള്‍ പുലര്‍ന്ന
പൂങ്കാവെവിടെ മക്കളെ?
എല്‍ പി സ്ക്കൂളില്‍ പഠിക്കുന്ന സമയത്ത്‌ എസ്‌ എഫ്‌ ഐ യുടെ ബാലസംഘം, സ്വാതത്രദിന പരിപാടിയുടെ ഭാഗമായി ഒരു ഘോഷയാത്ര ഉണ്ടായിരുന്നു.എന്റെ ഏട്ടന്‍ അതിന്റെ എല്ലാം ചുക്കാന്‍ പിടിച്ചു നടന്നിരുന്നിരുന്നത്‌ കൊണ്ട്‌ ഞാനും അതിനെ ഭാഗമായി.കയ്യില്‍ പല കളറിലുമുള്ള ബലൂണുകള്‍ തരും പിന്നെ ഒരു കൊടിയും .എട്ടന്മാര്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ അങ്ങു ഏറ്റുവിളിക്കും.
കാടെവിടെ മക്കളെ?
മേടെവിടെ മക്കളെ?
കാട്ടുപുല്‍ത്തകടിയുടെ
വേരെവിടെ മക്കളെ?
അതു നാവില്‍ നിന്നും ഇന്നും മാഞ്ഞിട്ടില്ല.മായുകയും ഇല്ല.കുറെ കാലത്തിനു ശേഷമാണ്‌ ഞങ്ങള്‍ അന്ന് ആര്‍ത്തുവിളിച്ചു ആഘോഷമാക്കിയത്‌ അയ്യപ്പപ്പണിക്കരുടെ കവിതകളായിരുന്നു എന്ന്.
പിന്നീട്‌ അയ്യപ്പപ്പണിക്കരുടെ ഏതാണ്ട്‌ എല്ലാ പുസ്തകങ്ങളും വായിച്ചുതീര്‍ത്തപ്പോള്‍ ആ കവിയെ നേരില്‍ കാണണം എന്ന ആഗ്രഹം വല്ലാതെ അങ്ങു വളര്‍ന്നു.ഉത്താരാധുനികതയുടെ ഈ വര്‍ത്തമാനകാലത്തു പണിക്കരുടെ ഊര്‍ജ്ജമുള്ള കവിതകള്‍ വല്ലാതെ മനസ്സിനെ തൊട്ടുഉണര്‍ത്തിയിട്ടുണ്ട്‌.
രണ്ട്‌ വര്‍ഷം മുമ്പ്‌ കോളേജില്‍ ഒരു പരിപാടിക്കു അയ്യപ്പപ്പണിക്കര്‍ വന്നു. കറുത്ത തൊപ്പിയിട്ടു വന്ന ഒരു കുറിയ മനുഷ്യന്‍. ശങ്കരപിള്ള സാറിന്റെ ചരമവാര്‍ഷികത്തില്‍ പങ്കെടുക്കാനായിരുന്നു.നാടകത്തെ കുറിച്ചും കവിതയെ കുറിച്ചും അദ്ദേഹം നന്നായി പ്രസംഗിച്ചു.വളരെ താഴ്‌ന്ന ശബ്ദത്തില്‍ .
അദ്ദേഹത്തോടു സംസരിക്കണം എന്ന എന്റെ ആഗ്രഹം കൂടി കൂടി വന്നു. ഓഡിറ്റോറിയത്തിനെ വാതിലില്‍ ഞാന്‍ കാത്തുനിന്നു.അല്‍പസമയത്തിനുള്ളില്‍ അദ്ദേഹം പുറത്തുവന്നു.ഞാന്‍ അടുത്തേക്ക്‌ ചെന്നു.ധൈര്യം മുഴുവന്‍ ചോര്‍ന്നു പോയിരുന്നു.കുറെ സംസരിക്കണം എന്ന ആഗ്രഹം ആ ഭയത്തില്‍ അലിഞ്ഞില്ലാതായി.അടുത്തെത്തിയപ്പോള്‍ എന്നെ സൂക്ഷിച്ചു നോക്കി.
വിറച്ചുകൊണ്ട്‌ ഞാന്‍ ചോദിച്ചു
" സര്‍ എനിക്കൊരു ഒപ്പ്‌ തരണം"
എന്നെ ഒന്നുകൂടി നോക്കി.
പിന്നെ ഒന്നു ചിരിച്ചു എന്നു വരുത്തി
"എന്തു ചെയ്യുന്നു "
ഞാന്‍ ഒറ്റ ശ്വാസത്തില്‍ എല്ലാം പറഞ്ഞു തീര്‍ത്തു.
" ഉം "
'അയ്യപ്പപ്പണിക്കരുടെ തിരഞ്ഞെടുത്ത കവിതകള്‍' ഞാന്‍ കയ്യില്‍ കരുതിയിരുന്നു.
അത്‌ വാങ്ങി ഒരു ഒപ്പിട്ടുതന്നു.തിരിച്ചുതരുമ്പോള്‍ ചോദിച്ചു
"ഈ ബുക്ക്‌ എവിടെ നിന്നും വാങ്ങി"
"സര്‍ എന്‍.ബി.എസ്‌."
"ഒകെ നല്ലോണം വായിക്കണം "
എന്നിട്ട്‌ വേഗത്തില്‍ നടന്നു പോയി
എന്റെ സന്തോഷം പറഞ്ഞറീക്കാന്‍ വയ്യാത്തതായിരുന്നു.ആ ബുക്ക്‌ ഞാന്‍ കാണിക്കാത്ത ആളുകള്‍ കുറവായിരിക്കും.
ഇന്ന് ഈ വാര്‍ത്ത കേട്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി.പണിക്കരുടെ കവിതയിലെ പ്രണയം ,രചനാതന്ത്രം , നിര്‍വചനങ്ങള്‍ , പൊരുള്‍,ആത്മീയത എല്ലാം കവിത ഉള്ളിടത്തോളം കാലവും ഉണ്ടാകും.ഇതൊരു നോവു തന്നെയാണ്‌.
ലോകത്തിന്റെ സ്പന്ദനങ്ങള്‍ തന്റെ തന്നെ സ്പന്ദങ്ങാളാക്കിയ കവിയുടെ കാഴ്ച്ച നമുക്ക്‌ നഷ്ട്ടമാവുകയാണ്‌.
" നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീതന്നെയിരുളുന്നു
നീതന്നെ മറയുന്നു
നീതന്നെ നീതന്നെ സന്ധ്യേ"
അങ്ങേക്ക്‌ കാവ്യ കൈരളിയുടെ പ്രണാമം



8 comments:

richumolu said...

അയ്യപ്പപ്പണിക്കര്‍ക്ക്‌ കാവ്യ കേരളത്തിനെ പ്രണാമം.

അനംഗാരി said...

റിച്ചൂ, അയ്യപ്പപണിക്കരുടെ ഈ കവിത ഞാന്‍ ചൊല്ലിയിട്ടുണ്ട്. കേട്ടു നോക്കു.
അദ്ധേഹത്തിന് ആദരാഞ്ജലികള്‍.

അനംഗാരി said...

ക്ഷമിക്കണം, അക്ഷര പിശകു്. അദ്ധേഹമല്ല, അദ്ദേഹം.

ബിന്ദു said...

ഓര്‍മ്മയ്ക്കു മുന്നില്‍ പ്രണമിക്കുന്നു. ആദരാഞ്ജലികള്‍! :(

richumolu said...

kudiyan...
sir enikku kelkkanam ennundu but njan use cheyyunnathu dailup conection anu,athu kondu kelkkan prayasam anu.engilum sramikkum

richumolu said...

bindhu ..
thanks for comments

cloth merchant said...

ayyappapanikkarkku adaranjalikal.

-----------------------------------
richuvinde ezhuthu nannayirikkunnu.

കാവാലം ജയകൃഷ്ണന്‍ said...

റിച്ചുമോളു...

ആ ജ്വാല, കണ്‍‍മുന്‍പില്‍ നിന്നും ഓര്‍മ്മയിലേക്ക് പടര്‍ന്നിട്ട് രണ്ടു വര്‍ഷം പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്‍റെ അനുസ്മരണസമ്മേളനം. അതേത്തുടര്‍ന്നുള്ള വാര്‍ത്തകള്‍ എന്തെങ്കിലും ഉണ്ടോ എന്നു തിരഞ്ഞു വന്ന വഴിക്കാണ് ഈ പോസ്റ്റ് കാണുന്നത്. മനസ്സില്‍ ഒരു നൊമ്പരമുണരുന്നു ഇതു വായിക്കുമ്പോള്‍. അദ്ദേഹം അങ്ങനെയായിരുന്നു. അടുത്തു നില്‍ക്കുമ്പൊഴും, മുഖത്തു നോക്കി അളവില്ലാത്ത അര്‍ത്ഥങ്ങളോടെ പുഞ്ചിരിക്കുമ്പൊഴും, തമാശ പറയുമ്പൊഴും, ശാസിക്കുമ്പൊഴുമൊക്കെ നമ്മുടെയുള്ളില്‍ വാക്കുകള്‍ പുറത്തേക്കു വരുവാന്‍ വാക്കുകള്‍ പകച്ചു നില്‍ക്കുന്ന അത്ഭുത സാന്നിദ്ധ്യം. അദ്ദേഹം പകുതി പറഞ്ഞു വച്ച വാക്കുകള്‍ക്കു പോലും പല കാതങ്ങള്‍ മുന്‍പോട്ടു നയിക്കുവാനുള്ള ശക്തിയുണ്ട്. ആ ഒരു പുഞ്ചിരിക്ക് ഒരുപാടൊരുപാട് തലോടലിന്‍റെ നൈര്‍മല്യമുണ്ട്. ഉള്ളിലെരിയുന്ന അഗ്നിയെ പ്രകാശമാക്കി മാറ്റി നമുക്കെല്ലാം പകര്‍ന്നു തന്ന അദ്ദേഹത്തെക്കുറിച്ചുള്ള ഈ ഓര്‍മ്മക്കുറിപ്പിന് വളരെ വൈകിയെങ്കിലും എന്‍റെയും ആശംസകള്‍